Thursday, October 11, 2007

എത്രനാളായമ്മേ....

അമ്മയല്ലാതൊരു ദൈവമില്ല എനിക്ക്.
അതിലും വലിയൊരു കോവിലുമില്ല.

ഞാന്‍ വരുന്ന കാറും നോക്കി സിറ്റൌട്ടില്‍ നിലക്കണ അമ്മയും, അമ്മേടെ ചോറും കൂട്ടാനും, രാത്രി എന്റെ തലക്കാം ഭാഗത്തിരുന്ന് വെളുക്കുവോളം പറയുന്ന വിശേഷങ്ങളും ഉപദേശങ്ങളുമൊക്കെയായിരുന്നു ലീവിനുപോകുമ്പോള്‍‍ എന്നെ ഏറ്റവും സന്തോഷിപ്പിച്ചിരുന്ന കാര്യങ്ങള്‍.


ആനന്ദപുരത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ അമ്മ എന്റെ ഷോറ്ഡറില്‍ മുറുക്കി പിടിക്കുന്ന ആ പിടി എനിക്ക് മറക്കാന്‍ പറ്റുന്നില്ലാ.... ചിതയില്‍ വക്കാനെടുത്തപ്പോള്‍ അമ്മയുടെ മരവിച്ച കഴുത്തിന്റെ ഭാഗത്ത് ഞാന്‍ അവസാനമായി പിടിച്ച ആ പിടിയും!

'പാടം പച്ചച്ച പാവാടയിട്ടപ്പോള്‍...
പാവം നീയെത്ര മേലോട്ട് പോയി'

എങ്ങിനെ....

കഴിഞ്ഞ ഒമ്പത് വര്‍ഷമായി എങ്ങിനെയൊക്കെയോ ഞാന്‍ സഹിക്കുന്നു. അമ്മ വീട്ടിലില്ലെങ്കില്‍ വീട്ടീന്ന് അന്ന് ഭക്ഷണം കഴിക്കാത്ത ഞാനാണ്. അമ്മയോട് മാത്രം പറയാന്‍ പറ്റുന്ന, അമ്മയെ ഒരുപാട് സന്തോഷിപ്പിച്ചേക്കാവുന്ന ഒരു കുന്ന് വിശേഷങ്ങള്‍ മനസ്സിലൊതുക്കി..അമ്മയെ ജീവന്റെ ജീവന്റെ ജീവനായി സ്‌നേഹിച്ചിരുന്ന ഭാഗ്യമില്ലാത്ത മറ്റൊരു മകന്‍.

അമ്മയോട് മിണ്ടിയില്ലെങ്കിലും വേണ്ടില്ല... ആ പച്ചക്കരയുള്ള സെറ്റുമുണ്ടും പച്ച ജാക്കറ്റുമിട്ട് അമ്മ അകലെ നടന്ന് പോണത് ഒന്ന് കണ്ടാലെങ്കിലും‍ മതിയായിരുന്നു.

‘എന്നെ എന്തിഷ്ടായിരുന്നെന്നോ അമ്മക്ക്!‘

Friday, July 6, 2007

മണ്ണാകും മുന്‍പ്‌...

ചില രാത്രികളിലങ്ങിനെയാണ്‌. എത്ര ക്ഷീണമുണ്ടായാലും ഉറങ്ങാന്‍ കഴിയില്ല. അന്നും അങ്ങിനെയുൊരു രാത്രിയായിരുന്നു.

ഞാന്‍ ജനാലകള്‍ തുറന്നിട്ട്‌, അസ്വസ്ഥനായി കിടന്നു. റോഡിലൂടെ പായുന്ന വാഹനങ്ങളുടേ ഒച്ചക്കും അവയുടെ ഹെഡ്‌ലൈറ്റ്‌ തീര്‍ക്കുന്ന വെള്ളിവെളിച്ചം വെന്റിലേറ്ററില്‍ കൂടെ എന്റെ മുറിയുടെ മുകളഭാഗത്തായി നീങ്ങുന്നതിന്റെ കൂടെ, പണ്ടെങ്ങോ വസൂരി വന്ന് മരിച്ച അടുത്തവീട്ടിലെ സാവിത്രിചേച്ചിയുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ടോ?

രാത്രിയുടെ സ്വച്ഛമായ യാമങ്ങളില്‍ സാവിത്രിചേച്ചി മൂളിക്കരയുന്നത്‌ പലരും കേട്ടിട്ടുണ്ടത്രേ. സാവിത്രിചേച്ചി മരിച്ചതല്ല, എന്തിന്റെയോ പേരില്‍ പേടിപ്പിച്ചോ തല്ലിയോ കൊന്നതാണെന്നും, മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്നെന്നുമെല്ലാം പലതും പറയുന്നുണ്ട്.

ആ കരച്ചില്‍ കേള്‍ക്കല്ലേയെന്ന് പ്രാര്‍ത്ഥിച്ച്‌ ഞാന്‍ ‘കാതാര്‍ത്തു‘ കിടന്നു. എന്നത്തേയും പോലെ!

വളരെ വളരെ രാത്രിയായിട്ടുണ്ട്‌. റോഡില്‍ ഒരു കാര്‍ വന്ന് നിന്നതും ഡോര്‍ തുറക്കുന്നതും അടക്കി സംസാരിക്കുന്നതും ഞാന്‍ അറിയുന്നുണ്ടായിരുന്നു. ദേശീയ പാതയാവുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്തുകയും പോവുകയും ചെയ്യും, അതില്‍ പ്രത്യേകത തോന്നേണ്ട കാര്യമൊന്നുമില്ല. ഞാന്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകിടന്നു.

'ഹാവൂ എന്റെ അമ്മേ' എന്ന ഒരു പുരുഷന്റെ ഞെരങ്ങിയുള്ള കരച്ചില്‍ കേട്ടാണ്‌ ഞാന്‍ എണീക്കുന്നത്‌. ജനലിലൂടെ നോക്കിയപ്പോള്‍, റോഡ് സൈഡില്‍ ഒരു കാര്‍ നിറുത്തിയിരിക്കുന്നു. ഒന്നോ രണ്ടോ പേരെയും കാണുവാന്‍ കഴിഞ്ഞു. ഞാന്‍ വാതില്‍ തുറന്ന് ഗേയ്റ്റിനടുത്തേക്ക്‌ നടന്നു.

ബീഡി വലിച്ചുകൊണ്ട്‌ കാറില്‍ ചാരി നില്‍ക്കുന്ന ആള്‍ കാര്‍ ഡ്രൈവറാണ്‌.

ഞാന്‍ കാറിനടുത്ത്‌ ചെന്നു. കാറിന്റെ അങ്ങേ വശത്തായി മധ്യവയ്സകയായ ഒരു സ്ത്രീയും രണ്ടുവയസ്സായ ഒരു കുഞ്ഞിനെ തോളത്തെടുത്ത്‌ ചെറുപ്പക്കാരിയായ ഒരു സ്ത്രീയും നില്‍ക്കുന്നു.

അപ്പോഴാണ്‌ ഞാനത്‌ ശ്രദ്ധിച്ചത്‌.

ഒരു നേര്യത്‌ മാത്രമുടുത്ത്‌ നാല്‍പത്‌ വയസ്സ്‌ തോന്നിക്കുന്ന ഒരാള്‍ താഴെ മണ്ണില്‍ തളര്‍ന്ന് കിടന്ന് ഞെരങ്ങി 'ആവൂ..എന്റെ അമ്മേ...' എന്ന് കരയുന്നു!

കൂടെ നില്‍ക്കുന്നത്‌, താഴെക്കിടക്കുന്ന ആളുടെ അമ്മയും ഭാര്യയും കുഞ്ഞുമാണെന്ന് എനിക്ക്‌ മനസ്സിലാവാന്‍ അധികം സമയം വേണ്ടിവന്നില്ല.

അയ്യോ എന്ത്‌ പറ്റി??

എന്ന അപരിചിതനായ എന്റെ ചോദ്യത്തിന്‌, കരഞ്ഞ്‌ കണ്ണുനീര്‍ വറ്റിയ ആ അമ്മയും മകളും ഒന്നും പറയാതെ അതിദൈന്യമായി എന്നെ നോക്കുക മാത്രം ചെയ്തു.

'എന്തോ വല്യ അസുഖമാണ്‌. തൃശ്ശൂന്ന് എറണാളത്തേക്ക്‌ കൊണ്ടുപോവാണ്‌, എവിടെ കൊണ്ടുപോയിട്ടും ഇനി കാര്യല്ല്യ. ഇവിടെയെത്തിയപ്പോള്‍ ആള്‍ക്ക്‌ മണ്ണില്‍ കുറച്ച്‌ നേരം കിടക്കണമെന്ന് ഒരു ആഗ്രഹം പറഞ്ഞിട്ട്‌, മണ്ണില്‍ കിടത്തിയിരിക്ക്യാണ്‌'

എന്നെന്നോട്‌ ഡ്രൈവര്‍ പതുക്കെ പറഞ്ഞു.

'മതി' എന്നര്‍ഥത്തില്‍ തലയാട്ടിയത്‌ ഞാനും കണ്ടു, ഞാനും ഡ്രവറും കൂടി ആളെ കാറിന്റെ സീറ്റില്‍ ചാരിയിരുത്തി.

മരുന്നിന്റെ മണം, മരണത്തിന്റെ മണം എനിക്ക്‌ അവിടെയാകെ അനുഭവപ്പെട്ടു.

ബാക്കിയുള്ളവരും കൂടെ വണ്ടിയില്‍ കയറി അങ്ങിനെ കാര്‍ നീങ്ങി പോയി.

ദിവസങ്ങളായി ഉറക്കമെന്തന്നറിയാതെ, മകന്റെ മരണത്തിന്‌ കാവലിരിക്കുന്ന ആ ഭാഗ്യമില്ലാത്ത അമ്മയെ ഓര്‍ത്ത്‌, നിസ്സഹായനായി മരണത്തിലേക്ക്‌ നടന്നുപോകുന്ന ആ മകനെ ഓര്‍ത്ത്‌, വൈധവ്യം ഉമ്മറപ്പടിയിലെത്തിയ ആ ഭാര്യയെ ഓര്‍ത്ത്‌, ഒരച്ഛന്റെ ലാളനകളും സംരക്ഷണവുമില്ലാതെ വളരാന്‍ പോകുന്ന ആ കൊച്ചുബാല്യത്തെയോര്‍ത്ത്‌, ഞാന്‍ നിശബ്ദമായി കരഞ്ഞുകൊണ്ട്‌ ഉറങ്ങാതെ കിടന്നു. എത്രയെത്ര രാത്രികളില്‍!